
കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി .റെഗുലർ പരീക്ഷകൾക്കൊപ്പം സ്പെഷ്യൽ എക്സാമിനേഷനും, പുന:പരീക്ഷകളും സപ്ലിമെന്ററി പരീക്ഷകളും യൂനിവേഴ്സിറ്റി മാറ്റിയിട്ടുണ്ട്.
വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷകളും മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.
അതേസമയം കോഴിക്കോട് കനത്ത ജാഗ്രത തുടരുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള് തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം.
വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.
വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് അറിയിച്ചു.
പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതോടെ ഹൈറിസ്ക് വിഭാഗത്തില്‍ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്ക് കാറ്റഗറിയിലുള്ള മുഴുവന്‍ പേരുടേയും പരിശോധന പൂര്‍ത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിള്‍ ശേഖരിക്കുകയാണ്.