
ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയെ പിടികൂടിയെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പൊലീസെത്തിയപ്പോൾ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പൊലീസ് പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയെന്നാണ് സംശയം. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോവുകയായിരുന്നു.
പ്രതി പ്രദേശത്ത് തന്നെയുള്ളയാളാണെന്ന് ദൃക്സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോയതെന്നാണ് വിവരം.