
ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം.
അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. അമ്രപാലി ഡ്രീം വാലി പ്രോജക്ട് എന്ന പേരിൽ അമ്രപാലി ഗ്രൂപ്പ് നിർമ്മിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.
നിർമാണ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റ് 14-ാം നിലയുടെ ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. മരിച്ചവരെല്ലാം തൊഴിലാളികളാണ്.
പരിക്കേറ്റവർ സിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.