
ജൂഡ് ആന്തണി ജോസഫ് സംവിധാനത്തിലൊരുങ്ങിയ മലയാള ചലചിത്രം ‘2018’ ഓസ്കറിന്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയിലാണ് മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിൽ ഇടം നേടിയിരിക്കുന്നത്. സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023-ൽ പുറത്തിറങ്ങിയ സിനിമകൾക്കായുള്ള 96-ാമത് ഓസ്കര് 2024 മാർച്ച് 10-ന് ലോസ് ഏഞ്ചൽസിൽ നടക്കും.
കേരളത്തിൽ 2018-ൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രം ഹിന്ദിയിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ‘ദ കേരള സ്റ്റോറി’, ‘വാൽവി’, ‘ഗദർ 2’, ‘ബാലഗാം’, ‘ദസറ’, ‘സ്വിഗാറ്റോ’, ‘ദി സ്റ്റോറിടെല്ലർ’, ‘റോക്കി ഔർ റാണി കി പ്രേം കഹാനി’, ‘മ്യൂസിക് സ്കൂൾ’, ‘മിസിസ് ചാറ്റർജി Vs നോർവേ’, ‘ഘൂമർ’, ‘വിടുതലൈ പാർട്ട് 1’, ‘ബാപ്പ്’ എന്നിവയുൾപ്പെടെ 22 ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള ഓസ്കർ ഔദ്യോഗിക നാമനിർദേശത്തിൽ ഇടം പിടിച്ചത്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് എല്ലാ വർഷവും ഓസ്കർ സെലക്ഷൻ കമ്മിറ്റിയെ രൂപീകരിക്കുന്നത്. ഇന്ത്യയുടെ സിനിമാ നേട്ടങ്ങളെയും വൈവിധ്യമാർന്ന ഭാഷാ വ്യവസായങ്ങളെയും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന സിനിമ തിരഞ്ഞെടുക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. പാൻ നളിന്റെ ‘ദ ലാസ്റ്റ് പിക്ചർ ഷോ’ (2022), ‘കൂഴങ്കൽ’ (2021), ‘ജെല്ലിക്കെട്ട്’ (2020), ‘ഗല്ലി ബോയ്’ (2019), ‘വില്ലേജ് റോക്ക്സ്റ്റാർസ്’ (2018) എന്നിവ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ്. നിലവിൽ രവി കൊട്ടാരക്കരയാണ് എഫ്എഫ്ഐയുടെ നേതൃസ്ഥാനത്തുള്ളത്