
‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടയിലാണ് സംഭവം. പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നല്കിയ പരാതിയില്‍ 29കാരനായ സണ്ണി ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും യുവാവും അയല്‍വാസികളാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്ന പ്രതി ഈ മാസം 17ന് വൈകുന്നേരവും വീട്ടിലെത്തി. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിക്ക് പ്രതി 500 രൂപ നല്കി. ദി കേരള സ്റ്റോറി സിനിമ കാണാന്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം നല്‍കിയാണ് പണം കൊടുത്തത്. തുടര്‍ന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. .
പ്രതിയില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി പിന്നീട് അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് ഏര്‍വാട പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചേര്‍ത്താണ് കേസ്. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.