
നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമാധ്യമമാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്സ്ആപ്പിൽ മൾട്ടി അക്കൗണ്ട് (multi-account) സേവനം അവതരിപ്പിക്കാൻ പോവുകയാണ്. അതായത്, നിങ്ങളുടെ വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം.
ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു
പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് വാട്സ്ആപ്പ് ബിസിനസ് ബീറ്റ ആൻഡ്രോയ്ഡ് 2.23.13.5 പതിപ്പിൽ ഏറ്റവും പുതിയ മൾട്ടി-അക്കൗണ്ട് ഫീച്ചർ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന വാട്സ്ആപ്പിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുറക്കാൻ ഈ ഫീച്ചർ അനുവദിക്കും. ആപ്പിന്റെ റെഗുലർ പതിപ്പിലും ഈ ഫീച്ചർ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്
സ്ക്രീൻഷോട്ട് പ്രകാരം, നിങ്ങൾക്ക് വാട്ട്സ്ആപ്പിന്റെ സെറ്റിങ്സ് മെനുവിൽ പോയി മൾട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വർക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം.
ടെലിഗ്രാം അവരുടെ ആപ്പിൽ ഇതിനകം മൾട്ടി-അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകൾ, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്