
ജിദ്ദയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന സ്‌പെസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തതിനെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാര്‍.
പല യാത്രക്കാരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങാതെയാണ് പ്രതിഷേധിച്ചത്. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങാന്‍ സാധിക്കാത്തതാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറക്കാൻ കാരണം.
വൈകിയെത്തിയ വിമാനം നെടുമ്പാശേരിയില്‍ ഇറക്കുക കൂടി ചെയ്തതോടെയാണ് യാത്രക്കാർ രോഷാകുലരായത്ത്. ബസ് മാര്‍ഗം യാത്രക്കാരെ എത്തിക്കാമെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാതെ ചില യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.
അതേസമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കരിപ്പൂരില്‍ ഇറങ്ങാനാകാതെ ദുരിതത്തിലായത്. വലിയ പെട്ടികളുമായി ഇനിയും ബസില്‍ യാത്ര ചെയ്യാനാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. യാത്രക്കാരെ വിമാന മാര്‍ഗത്തില്‍ തന്നെ കരിപ്പൂരില്‍ എത്തിച്ചേക്കും.