
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകളുടെ സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്മാറി ഒരു വിഭാഗം ബസ്സുടമകൾ. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് നിലവിൽ പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നു നിലപാടെടുത്തത്.
പകരം സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരമിരികക്കും. പണിമുടക്കിനെ രൂക്ഷമായി വിമർശിച്ചു ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു.
വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെച്ചത്.
ജൂൺ ഏഴു മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടി ബസ്സുടമകൾ ഗതാഗത മന്ത്രിക്കു നിവേദനവും നൽകിയിരുന്നു.പിന്നാലെയാണ് പണിമുടക്കിൽ നിന്ന് ഒരു വിഭാഗം മാറിയത്. പണിമുടക്കിയുള്ള സമരത്തിന് ഇല്ലെന്നും, ജൂൺ 5 മുതൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.
പണിമുടക്ക് സമരം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ഗതാഗത മന്ത്രി ഇതിനോടകം പ്രതികരിച്ചത്. ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് പിന്നാലെയായിരിക്കും ബസ് പണിമുടക്ക് ആരംഭിക്കുക. യാത്ര പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ ചർച്ച വിളിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബസ് ഉടമകൾ.