
ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പർ താരം ലയണല്‍ മെസ്സി സൗദി ക്ലബ്ബായ അല്‍ ഹിലാലുമായി കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്തകള്‍ തള്ളി മെസ്സിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി. മെസ്സിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു .
ഒരു ക്ലബ്ബുമായും ഇതുവരെ കരാറൊപ്പിട്ടില്ലെന്നും സീസണ് അവസാനിച്ചതിന് ശേഷമേ തീരുമാനം ഉണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മെസി സൗദി ക്ലബ്ബിലേക്ക് ചേക്കേറിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് പ്രശസ്ച ഫുട്ബോള്‍ മാധ്യമപ്രവര്ത്തകന് ഫബ്രീസിയോ റൊമാനോ രംഗത്തെത്തിയിരുന്നു.
താരത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഈ സീസണിന്റെ അവസാനം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും ഫബ്രീസിയോ ട്വീറ്റ് ചെയ്തു. അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഓഫര്‍ ഇപ്പോഴും മേശപ്പുറത്താണെന്നും ബാഴ്സലോണയും മെസ്സിക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്പസമയം മുന്‍പാണ് ലയണല്‍ മെസ്സി സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്ക് മെസ്സി ചേക്കേറിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.
അനുമതിയില്ലാതെ നടത്തിയ സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ പിഎസ്ജി മെസ്സിയെ രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന്റെ കൂടുമാറ്റം എന്നുമായിരുന്നു റിപ്പോര്‍ട്ട്. വിലക്കിന് പിന്നാലെ താരം ക്ലബ്ബ് വിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരിടത്തും ഔദ്യോഗിക സ്ഥിരീകരണവുമായി മെസ്സി രംഗത്തെത്തിയിരുന്നില്ല.