
സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം.എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു.
ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും മന്ത്രി പറഞ്ഞു.