
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്.
ഇയാൾ ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥിനിയായ പതിനേഴുകാരിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.
മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. തുടർന്ന്, പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു.
ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഇയാളുടെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.