
കടുത്ത വേനൽക്കാലത്ത് പഴയ ഡൽഹിയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ, ദാഹം ശമിപ്പിക്കുന്നതിനായി പലതരം വേനൽക്കാല പാനീയങ്ങൾ വിൽക്കുന്ന കടകൾ കാണാമായിരുന്നു. വേനൽകാലത്തെ ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് മൊഹബത്ത് കാ സർബത്ത്.
ഈ ഉന്മേഷദായകമായ പിങ്ക് നിറത്തിലുള്ള പാനീയം വളരെ ജനപ്രിയമാണ്. ദേശീയ തലസ്ഥാനത്തെ താപനില 48 ഡിഗ്രിയിലെത്തുകയും ചൂട് സഹിക്കാനാകാതെ വരുമ്പോഴും ഈ പാനീയത്തിന് ആരാധകർ കൂടും. തണ്ണിമത്തനാണ് പാനീയത്തിലെ പ്രധാന ഘടകം. വിശുദ്ധ റമദാൻ മാസത്തിലും ഡൽഹിയിൽ ഈ പാനീയത്തിന് ആവശ്യക്കാർ കൂടാറുണ്ട്. ഇഫ്താർ വേളയിൽ ഉപയോഗിക്കുന്ന ആദ്യത്തെ പാനീയമായാണ് ഇത് ഉപയോഗിക്കാറുള്ളത്.
ഉത്തരേന്ത്യയിൽ കൊണ്ടുവന്നിരുന്ന മൊഹബത്ത് കാ സർബത്തിന് ഇപ്പോൾ കേരളത്തിലും ആരാധകർ ഏറെയാണ്. തണ്ണിമത്തൻ കഷണങ്ങളും ഐസും റോസ് ഫ്ലേവർഡ് പാലും ചേർത്താണ് ‘മൊഹബത് കാ സർബത്ത്’ തയ്യാറാക്കുന്നത്.
എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..
ചേരുവകൾ :
ചെറിയ കഷണങ്ങളായി മുറിച്ച തണ്ണിമത്തൻ
റോസ് സിറപ്പ്
പൊടിച്ച പഞ്ചസാര
തണുത്ത പാൽ
ഐസ് ക്യൂബുകൾ
ഏലയ്ക്കാപ്പൊടി
ഉണക്കിയ റോസാപ്പൂവിന്റെ ഇതളുകൾ
റൂഹ് ഹഫ്സ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം :
ഒരു വലിയ പാത്രത്തിൽ രണ്ട് കപ്പ് തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിൽ രണ്ട് ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ റോസ് സിറപ്പ് ചേർക്കുക. ആവശ്യമെങ്കിൽ പാകിസ്ഥാനി പാനീയം റൂഹ് ഹഫ്സയും. ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഏലയ്ക്ക പൊടി ചേർക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ ഇളക്കുക.
പിന്നീട് തണ്ണിമത്തന്റെ കഷണങ്ങൾ കുരു നീക്കം ചെയ്തതും ഒരു പിടി ഐസ് ക്യൂബുകളും ചേർക്കുക. ഇതിന് ശേഷം പാനീയം ഗ്ലാസിലേക്ക് ഒഴിച്ച് ഉണക്കിയ റോസാപ്പൂവിന്റെ ഇലകൾ ചേർത്ത് കുടിക്കാം.