
കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ഏഴുമുതൽ പത്തുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്ക് എതിരെ തെളിഞ്ഞിട്ടുള്ളത്. പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു.
അതേസമയം, കോടതി വെറുതെവിട്ട രണ്ട് പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രമേ മധുവിനായി നടത്തിയ പോരാട്ടം പൂർണമായെന്ന് പറയാൻ സാധിക്കുവെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.
ഇതിനായി മേൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മധുവിന്റെ കുടുംബവും സമരസമിതിയും. കേസിലെ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.