
തൃശൂർ: അന്തരിച്ച മലയാള നടൻ ഇന്നസെന്റിന്റെ അഭ്രപാളിയിലെ വേഷപ്പകർച്ചകൾ പ്രേക്ഷക മനസുകളിൽ മായാതെ തുടരുന്നതുപോലെ അദ്ദേഹത്തിന്റെ കല്ലറയിലും ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.
ഇന്നസെന്റെന്ന മഹാനടൻ മലയാള സിനിമയിൽ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഒട്ടുമിക്കതും കല്ലറയിൽ കൊത്തിവെച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിൽ ഏഴാം ഒർമ്മ ദിനത്തിലാണ് കല്ലറയൊരുക്കിയത്.
അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കഥാപാത്രങ്ങൾ ഗ്രാനേറ്റിൽ കൊത്തിവെച്ചാണ് കല്ലറ രൂപകൽപ്പന. ഇന്നസെന്റിന് ഏറെ പ്രിയപ്പെട്ട പേരക്കുട്ടികളായ ജൂനിയർ ഇന്നസെന്റും അന്നയുമാണ് ഇങ്ങനൊരു ആശയം മുന്നോട്ടുവെച്ചത്.
രാവണപ്രഭു’, ‘മണിച്ചിത്രത്താഴ്’, ‘ഇഷ്ടം’, ‘ഇന്ത്യൻ പ്രണയകഥ’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘മാന്നാർ മത്തായി സ്പീക്കിങ്’, ‘പാപ്പി അപ്പച്ച’, ‘മിഥുനം’, ‘വിയറ്റ്നാം കോളനി’, ‘കല്യാണരാമൻ’, ‘ഗോഡ്ഫാദർ’ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.
സിനിമ റീലിന് സമാനാമയ മറ്റൊരു വെളുത്ത ഗ്രാനേറ്റിൽ ഇന്നസെന്റിന്റെ ചിരിക്കുന്ന ചിത്രവും ചേർത്തുവെച്ചിട്ടുണ്ട്.ഇന്നസെന്റിന്റെ വേർപാടിന്റെ ഏഴാം ഓർമദിവസത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കല്ലറയിൽ എത്തി പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്തു.
മാർച്ച് 26 ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റിന്റെ മരണം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമായിരുന്നു ഈ അവിസ്മരണീയ കലാകാരന്റെ വേർപാടിന് കാരണം.