
ന്യൂഡൽഹി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി പിടിയിലായി എന്ന് സ്ഥിരീകരിച്ച് പൊലീസ്. അറസ്റ്റിലായ ഷാരൂഖ് സെയ്ഫി ഡൽഹി സ്വദേശിയും നോയിഡയിൽ ജോലി ചെയ്യുകയുമാണ്. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്.
മൊബൈല്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഇയാൾ ഐബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫോണ്‍ ഷാരൂഖ് ഓണ്‍ ചെയ്തത്. തുടർന്ന് ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു
ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ പ്രതി എത്തുകയായിരുന്നു.
കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു ഇയാൾ എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസ് നോയിഡയിലെത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്.
ഷാറൂഖ് സെയ്ഫിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പൊലീസ് നോയിഡയിലെത്തിയത്. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ഇന്നലെ അന്വേഷണസംഘം അറിയിച്ചിരുന്നു.
എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.