
കർണാടകയിൽ പശു കടത്ത് ആരോപിച്ച് കൊലപാതകം. കന്നുകാലി കച്ചവടക്കാരനായ ഇദ്രിസ് പാഷയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രമനഗരയിലെ സാത്തനൂറിലാണ് സംഭവം.
കാലികളുമായി വരുമ്പോൾ പാഷയെ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ തടഞ്ഞിരുന്നു. ഇതിനെ ചൊല്ലി വലിയ തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇദ്രിസ് പാഷയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി.
പാഷയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ തെരുവിൽ പ്രതിഷേധിച്ചു.
പ്രതികളെ ഉടൻ പിടികൂടണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് മൃതദേഹം വിട്ടുകൊടുക്കാൻ ഇവർ തയാറായത്.രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
പണം നൽകാൻ കഴിയില്ലെങ്കിൽ പാഷയോട് പാകിസ്താനിലേക്ക് പോകാനും പറഞ്ഞു. തുടർന്നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായതെന്ന് പൊലീസ് എഫ്.ഐ.ആർൽ പറയുന്നു.