
തൃശൂര്‍:പാലപ്പിള്ളിയിൽ വീണ്ടും ആനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ പ്രസാദിന് പരിക്കേറ്റു.
ഇയാളുടെ പരിക്ക് ഗുരുതരമല്ല.തുടർന്ന് ടാപ്പിംഗ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച അതേ റബ്ബർ തോട്ടത്തിൽ കാട്ടാന കൂട്ടത്തെയും കണ്ടെത്തി. 15 ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89, 90 ലാണ് ആനക്കൂട്ടം ഇറങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. രാവിലെ ടാപ്പിംഗിന് പോയ പ്രസാദ് ഒറ്റയാന് മുന്നിലാണ് പെട്ടുപോയത്.
ഭയന്ന് ഓടുന്നതിന് ഇടയിലാണ് പ്രസാദിന്‍റെ മുട്ടിന് പരിക്കേൽക്കുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ ആന റോഡ് മുറിച്ച് കടന്ന് തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടി കയറി. തുടര്‍ന്ന് നാട്ടുകാര്‍ നിരീക്ഷിച്ചപ്പോഴാണ് 15ഓളം വരുന്ന കാട്ടാന കൂട്ടം തോട്ടത്തില്‍ നിലയുറപ്പിച്ചതായി കണ്ടത്.