
തൃശ്ശൂർ: ചാവക്കാട് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 52 കാരൻ മരിച്ചു. ആദ്യം ഭക്ഷ്യവിഷബാധ എന്ന് സംശയിച്ചിരുന്ന മരണത്തിന് കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തലിലാണ് ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് വ്യക്തമായത്.
മരിച്ച പ്രകാശന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അതിസാരം മൂലം നിർജലീകരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായിയുടെ മകനായിരുന്നു മരിച്ച പ്രകാശൻ. ഇന്നലെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കൾക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് ഇന്നലെ മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണകാരണം കൂടുതൽ വ്യക്തതമായത് .