
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്.
പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദന്റെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്.
ജയാനന്ദന്‍റെ ഭാര്യ ഇന്ദിര സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അഭിഭാഷകയായ മകൾ കീർത്തിയാണ് കോടതിയിൽ ഹാജരായത്. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിനാണ് അപേക്ഷിച്ചതെങ്കിലും സർക്കാർ എതിർത്തു. പിന്നീട് വിവാഹത്തിൽ പങ്കെടുക്കാൻ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതിനെല്ലാം ഒടുവിലാണ് മകൾ കീർത്തി മാനുഷിക പരിഗണന എന്നതിലേക്ക് വാദം ഉന്നയിച്ചത്. എന്‍റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛൻ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും കീർത്തി പറഞ്ഞു. മകളെന്ന നിലയിൽ കനിവ് നൽകണമെന്നും കീർത്തി അഭ്യർത്ഥിച്ചു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും കീർത്തി ചോദിച്ചത് മാനിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ റിപ്പർ ജയാനനന്ദന് കടുത്ത ഉപാധികളോടെയാണെങ്കിലും അനുവാദം നൽകിയത്
ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസിൽ അഞ്ചെണ്ണത്തിൽ കുറ്റവിമുക്തനായി.