
ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാനെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ തുടർന്ന് വനം വകുപ്പ്. അരികൊമ്പനെ തളക്കുന്നതിനുള്ള കുങ്കിയാനകളിലെ അവസാന രണ്ട് ആനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും ഇന്ന് എത്തും. അതേസമയം കാട്ടാനയുടെ ആക്രമണം രൂക്ഷമായ ബി.എൽ റാമിൽ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അരികൊമ്പനെ പിടികൂടുന്നത് കോടതി താൽക്കാലികമായി തടഞ്ഞെങ്കിലും ആനയെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. അരികൊമ്പനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങും.
ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മറിച്ചായാൽ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.