
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ചു എന്ന പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണ് ഡ്രൈവർക്കെതിരെ നടപടി.
മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയുമുണ്ട്. അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
അപകടം ഉണ്ടായതിനെ സംബന്ധിച്ച് മറുപടി നല്‍കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള 72 തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്.