
മരണം എന്നത് ക്ഷണിക്കപ്പെടാതെ നമുക്കിടയിലേക്ക് കടന്നു വരുന്ന അതിഥിയാണ്. അത് അല്പം നേരത്തെ ആയാൽ അവരുമായി ചുറ്റപ്പെട്ട് കിടക്കുന്ന ലോകം അനുഭവിക്കുന്ന മാനസിക പ്രയാസം ചെറുതൊന്നുമല്ല.
ജീവിച്ചു കൊതി തീരും മുമ്പെ ഇരുപത്തിയാറാം വയസ്സിൽ മരണം കവർന്നെടുത്ത ഐവിൻ ഫ്രാൻസിസ് എന്ന യുവ ഡോക്ടറുടെ മാതാപിതാക്കൾ അത്തരമൊരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. കോളേജിലെ ഷട്ടിൽ കോർട്ടിൽ കുഴഞ്ഞുവീണ ഐവിന്റെ അപ്രതീക്ഷിത മരണം ഫ്രാൻസിസിനേയും ലീനയേയും ഒരു ദു:സ്വപ്നം പോലെ പിന്തുടർന്നു. മകന് വേണ്ടി എന്തെങ്കിലും ചെയ്യുംമുമ്പ് അവൻ വിട്ടുപിരിഞ്ഞതിന്റെ ദു:ഖമായിരുന്നു അവരുടെ മനസുനിറയെ. ഒടുവിൽ അവർ അതിനൊരു ചെറിയൊരു പരിഹാരം കണ്ടെത്തി.
മകന്റെ മൃതദേഹം സംസ്കരിച്ച തൃശ്ശൂർ കുരിയച്ചിറ പള്ളിയിലെ കല്ലറയിൽ അവർ ഒരു ക്യുആർ കോഡ് സ്ഥാപിച്ചു. ആ കോഡ് സ്കാൻ ചെയ്താൽ ‘മരിക്കാത്ത’ ഐവിന്റെ ഓർമകളാണ് നമ്മുടെ മുന്നിൽ എത്തുക. ഐവിന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും പാട്ടിന്റെ വീഡിയോകളും നമ്മുടെ മുന്നിലെത്തും. ‘എ ജാക്ക് ഓഫ് ഓൾ ട്രേഡ്സ്’ എന്ന മുഖവുരയോടെ തുടങ്ങുന്ന ഈ വെബ്സെറ്റ് നിർമിച്ചത് ഐവിന്റെ സഹോദരി എവ്ലിനാണ്. ഒമാനിൽ ആർക്കിടെക്ടാണ് എവിൻ.
മെഡിക്കൽ ബിരുദം നേടിയ ശേഷം പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് കോളേജിലെ ഷട്ടിൽ കോർട്ടിൽ കുഴഞ്ഞുവീണ് 2021 ഡിസംബർ 22-ന് ഐവിന് ജീവൻ നഷ്ടമായത്. പഠനത്തിനൊപ്പം സംഗീതത്തിലും തത്പരനായിരുന്നു ഐവിൻ. ഡ്രംസ്, ഗിറ്റാർ, കീബോർഡ് എന്നിവയിലെല്ലാം പ്രാവീണ്യം നേടിയിരുന്നുഫോട്ടോഗ്രഫിയും കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഡീകോഡിങ്ങും ഇഷ്ടമേഖലകളായിരുന്നു.
ഒമാനിൽ സൗദ് ഭവൻ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായിരുന്നു ഐവിന്റെ പിതാവ് കുരിയച്ചിറ വട്ടക്കുഴി ഫ്രാൻസിസ്. അമ്മ ലീന സീബിലെ ഇന്ത്യൻ സ്കൂൾ ഓഫ് പ്രിൻസിപ്പൽ ആണ്.