ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്.
സേവ് ചെയ്യാത്ത നമ്പറില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാന്‍ സഹായിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത.
നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ വരുന്നത്. ഉപഭോക്താക്കള്‍ക്ക് സെറ്റിങ്ങ്സില്‍ പോയി സൈലന്റ് അണ്‍നോണ്‍ കോള്‍ എന്ന ഓപ്ഷന് ഓണാക്കിയാല്‍ കോളുകള്‍ നിശബ്ദമാകും.
എന്നാലും വരുന്ന കോളുകളെ കുറിച്ച് കോള്‍ ലിസ്റ്റില്‍ അറിയിപ്പ് ഉണ്ടാകും.അതേസമയം വാട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി സവിശേഷതകള്‍ വാട്സ് ആപ്പ് കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് സ്ക്രീന്‍ വിഭജിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സവിശേഷതയും വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഒരേസമയം വാട്സ് ആപ്പ് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിന്‍ഡോ, കോളുകള്‍ അല്ലെങ്കില്‍ സ്റ്റാറ്റസ് ടാബുകള്‍ എന്നിവയില്‍ രണ്ട് ടാബുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുമിച്ച് കാണാനും ഉപയോഗിക്കാനും സാധിക്കും.
വാട്സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കായി വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഈ സവിശേഷത നിലവിൽ വന്നു കഴിഞ്ഞാല്‍ അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.