
വെളിയങ്കോട് : മലപ്പുറം വെളിയങ്കോട് അങ്ങാടിയിൽ സലഫി മസ്‌ജിദിനോടു ചേർന്നു പുതിയ കെട്ടിടം നിർമിക്കുന്നതിനായി തറയുടെ കുഴിയെടുക്കുമ്പോൾ പുരാതന നാണയങ്ങൾ കണ്ടെത്തി. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തുള്ള നാണയങ്ങളാണ് കണ്ടെത്തിയത്.
ജെ.സി.ബി. ഉപയോഗിച്ചു കുഴിയെടുക്കുന്നതിനായി മണ്ണുനീക്കുമ്പോഴാണ് ജെ.സി.ബി. ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിയുടെ ശ്രദ്ധയിൽ നാണയങ്ങൾ പെടുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം നിലനിൽക്കുമ്പോഴുള്ള നാണയങ്ങളാണ് കണ്ടെടുത്തത്. വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള 1893 -ലെ ഒരു രൂപ നാണയങ്ങളും 1862, 1863, 1876 തുടങ്ങിയ വർഷങ്ങളിലെ നാണയങ്ങൾ ഉൾപ്പെടെയുള്ള ആയിരത്തോളം നാണയങ്ങളുണ്ടാവുമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പുരാതന നാണയങ്ങൾ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ സംഭവം കാണാനെത്തിയവർ നാണയങ്ങൾ എടുത്തുകൊണ്ടുപോവുകയായിരുന്നു. സലഫി മസ്‌ജിദിന്റെ ഉടമകൾക്കു പോലും പേരിനുമാത്രം കുറഞ്ഞ നാണയങ്ങൾ മാത്രമാണ് കിട്ടിയത്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായ വന്നേരിനാടിൽ ഉൾപ്പെടുന്ന പ്രദേശമാണ് വെളിയങ്കോട്. സ്വാതന്ത്ര്യ സമര കാലത്തുൾപ്പെടെ ഏറെ പാരമ്പര്യം അവകാശപ്പെടാവുന്ന വെളിയങ്കോട് പ്രദേശത്തുനിന്നും കണ്ടെടുത്ത പുരാതന നാണയങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.