
തൃശൂർ : പോക്കറ്റിൽ പണമില്ലെങ്കിലും തൃശൂരിലെത്തിയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല’ സൗജന്യമായി ഭക്ഷണം നൽകുന്ന ഹോട്ടലും തൃശൂരിൽ തുടങ്ങി. തൃശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കൊക്കാലയിൽനിന്നും വരുന്ന വഴിയിലാണ് ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ഏഴംഗങ്ങൾ ചേർന്ന് ആരംഭിച്ച വിൻബോൺ പബ്ലിക് ട്രസ്റ്റാണ് ഇവിടെ സൗജന്യ ഭക്ഷണം നൽകുന്നത്. രാവിലെ 6.30 മുതൽ രാത്രി 10.30 വരെ സൗജന്യ ഭക്ഷണം വിതരണം ചെയ്യും. രാവിലെ ഇഡലി, ഉപ്പ്‌മാവ്, ഉച്ചയ്‌ക്ക് ചോറ്,സാമ്പാർ, ഉപ്പേരി എന്നിവയടങ്ങിയ ഊണും വൈകിട്ട് കഞ്ഞിയും ഇഡലിയും നൽകുമെന്ന് ട്രസ്റ്റ് അംഗം കെ എ നിയാബുദ്ദീൻ കേച്ചേരി പറഞ്ഞു.
മദ്യപിച്ച് എത്തുന്നവർക്ക് ഭക്ഷണം നൽകില്ല. ഭക്ഷണം കഴിക്കുന്നവർക്ക് കടയിലെ പെട്ടിയിൽ പണം നിക്ഷേപിക്കാം. എന്നാൽ നിർബന്ധമില്ല. തിങ്കളാഴ്‌ചയാണ് ഹോട്ടൽ ആരംഭിച്ചത്. രണ്ടാം ദിവസമായ ചൊവ്വാഴ്‌ച 400 പേർ ഊണ് കഴിച്ചു. ദിവസം 1500 പേർക്ക് ഭക്ഷണം നൽകാനാണ് ലക്ഷ്യം. 60 പേർക്ക് ഇരിക്കാവുന്ന ഹോട്ടലിൽ മാനേജരടക്കം നാല് ജീവനക്കാരുണ്ട്. ജനങ്ങൾ നൽകുന്ന സംഭാവനയിലൂടെ ഹോട്ടൽ നടത്തിക്കൊണ്ട് പോകാനാവും. ട്രസ്റ്റ് ജൂൺ 22ന് പാലക്കാട് സൗജന്യ ഭക്ഷണ വിതരണവുമായി ഹോട്ടൽ ആരംഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.