
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റും. മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയാണെന്ന് സോഷ്യൽമീഡിയിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.
മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ റീബ്രാൻഡിങ് ചെയ്യുന്ന കാര്യം അറിയിച്ചത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നെന്നും ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
കമ്പനിയുടെ ലോഗോ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ലോഗോ പിന്‍വലിച്ചു. പുതിയ ലോഗോ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടക്കുമെന്നും കമ്പനി അറിയിച്ചു.
‘ഞങ്ങളുടെ ലോഗോ റീബ്രാൻഡിങിന് വിധേയമാക്കുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്ക് ഇവിടം സന്ദർശിക്കുക…ടീം മമ്മൂട്ടി കമ്പനി’ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.