
കനോലി കനാലിന്റെ തീരത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും വഴിയോര യാത്രക്കാർക്ക് വിശ്രമിക്കാനുമായി തണലൊരുക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി .
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്ത് നവീകരിച്ച സരയൂതീരം നാടിനു സമർപ്പിച്ചു. അവധിക്കാലം ആഘോഷിക്കാൻ കുട്ടികൾക്ക് പാർക്കും ഒരുക്കിയിട്ടുണ്ട് ഇവിടെ. നവീകരിച്ച സരയൂതീരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും താന്ന്യം പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് ടൂറിസം സാധ്യതകളും തൊഴിൽ സാധ്യതകളും ഉള്ള പാർക്ക് നവീകരിച്ചത്.
പൊതുഇടങ്ങളിൽ നിന്ന് സ്വകാര്യ ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന സമൂഹത്തെ പൊതു ഇടങ്ങളിലേക്ക് ആകർഷിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതി മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ പറഞ്ഞു.
ഭാവിയിൽ ക്യാമറകൾ സ്ഥാപിച്ച് പാർക്ക് സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. സരയൂതീരം പാർക്കിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃപ്രയാർ അമ്പലത്തിനോട് ചേർന്ന് പ്രകൃതി സൗന്ദര്യത്തോടു കൂടി സ്ഥിതി ചെയ്യുന്ന കനോലി കനാലിന്റെ തീരത്ത് 32 സെന്റ് ഭൂമിയിലാണ് സരയൂതീരം വിശ്രമ കേന്ദ്രം.
ടൂറിസം വകുപ്പിൻെറ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ചെമ്മാപ്പിള്ളി തൂക്കുപാലവും സരയൂതീരവും ബന്ധിപ്പിച്ച് ബോട്ടിങ്, കയാക്കിങ്ങ് തുടങ്ങിയ ആകർഷണങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ രൂപരേഖക്ക് ടൂറിസം വകുപ്പ് അനുമതി നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് രതി അനിൽകുമാർ അറിയിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രവിഡന്റ് കെ ബി സദാശിവൻ, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു