
മമ്മൂട്ടിയുടെ സിനിമാ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മോഷണമെന്ന് ആരോപണം. ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലാണ് ആരോപണവുമായെത്തിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ലോഗോ മുൻപ് ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് പലരും ഉപയോഗിച്ചതാണ് കാണാം. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിർമ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജോസ്മോൻ വാഴയിലിന്റെ കുറിപ്പിന്റെ പൂർണരൂപം..
ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്റ്റ്രേഷനുകൾ, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്’ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്.
എന്നാൽ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപി പേസ്റ്റ് ചെയ്യുന്ന പരിപാടിഅത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റീവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി’യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി…. ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം. ‘മങ്ങിയും തെളിഞ്ഞും – ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)
ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ…!! പക്ഷെ, നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി’ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും.