
ആശുപത്രി ആക്രമണങ്ങൾക്കെതിരെ ആരോഗ്യ മേഖല സ്തംഭിപ്പിച്ചുള്ള ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. ഇന്നു വൈകിട്ട് 6 വരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപികൾ പ്രവർത്തിക്കില്ല. ലേബർ റൂം, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ക്ലിനിക്കുകളെയും ഒഴിവാക്കി.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും പിടികൂടണമെന്നാണ് പ്രധാന ആവശ്യം. ആശുപത്രി സംരക്ഷണ നിയമം കർശനമാക്കുക, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നു. കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷൻ തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.