
കൊച്ചി: ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കിയ ഡോ. വി പി ഗംഗാധരന്‍. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. അതിനിടയിലാണ് ക്യാന്‍സര്‍ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരന്‍ അറിയിച്ചത്. കാന്‍സര്‍രോഗത്തോട് പടവെട്ടിയാണ് ഇന്നസെന്‍റ് ജീവിതം തിരിച്ചുപിടിച്ചതെന്നതിനാല്‍ അദ്ദേഹത്തിന്‍റെ രോഗാവസ്ഥ കാന്‍സര്‍ തിരികെ വന്നതാണന്ന അഭ്യൂഹം പ്രചരിക്കാനിടയാക്കിയിരുന്നു.
ആത്മവിശ്വാസത്തോടെ അര്‍ബുദത്തെ നേരിടുന്നവര്‍ക്ക് എന്നും പ്രേരണയായിരുന്നു പ്രിയനടന്‍റെ ജീവിതം. ഇന്നസെന്‍റ് കാന്‍സറിനു കീഴ്പ്പെട്ടു എന്ന സംശയം രോഗത്തോട് പൊരുതുന്ന ഒരുപാട് പേരെ നിരാശയിലാക്കി. അതാണ് സത്യമതല്ലെന്ന വിശദീകരണവുമായി ഡോ. വിപി ഗംഗാധരന്‍ രംഗത്തെത്തിയതിന് കാരണം.
കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ (75) അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.