
തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലക്ക് തീ പിടിച്ചുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. പതിനഞ്ചിലേറെ പേർക്ക് പൊള്ളലേറ്റു. പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടർന്നാണ് അപകടം ഉണ്ടായത്.
നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാൽപ്പതിലേറെപ്പേർ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്. തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടർന്നു. സ്‌ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നിട്ടുണ്ട്.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
ജില്ലാ കളക്ടർ ആരതി, ഡിഐജി പകലവൻ, ജില്ലാ പോലീസ് സൂപ്രണ്ട് സുധാകർ എന്നിവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചൂട് കനത്തതോടെ തമിഴ്നാട്ടിലെ പടക്കശാലകളിൽ അപകടങ്ങൾ പതിവ് സംഭവമാകുകയാണ്.