
തൃശ്ശൂര്‍: നഗരത്തിലെ ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഇനി ഇരുചക്ര വാഹന വ്യൂഹവും. പൊലീസിന്റെ നേതൃത്വത്തില്‍ സിറ്റി ടസ്‌കേഴ്‌സ് എന്ന പേരില്‍ ഇരു ചക്രവാഹന പട്രോളിംഗ് സംഘത്തിന് രൂപം നല്‍കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് രൂപകല്‍പ്പന ചെയ്ത വാഹനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരും ആണ് സംഘത്തിലുള്ളത്.
സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ ആശയം ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇരുചക്രവാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വാഹനവ്യൂഹത്തിന് സിറ്റി ടസ്‌കേഴ്സ്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത പത്ത് വാഹനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കിയത്. ക്രമസമാധാന പാലനം, ഗതാഗത ക്രമീകരണങ്ങള്‍, അപകടസ്ഥലങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ ചുമതലകളാണ് പട്രോളിങ് സംഘത്തിനുള്ളത്. ഉപയോഗിച്ചു പഴകിയ പൊലീസ് വാഹനങ്ങള്‍ നവീകരിച്ചാണ് ഇരുചക്ര വാഹന വ്യൂഹം സജ്ജീകരിച്ചത്.