
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പരാതി പിൻവലിക്കാൻ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടായെന്ന് യുവതിയുടെ കുടുംബം.
കേസിലെ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവര്‍ മുറിയില്‍ വന്ന് മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയിലുണ്ട്
ആശുപത്രി സൂപ്രണ്ടിനാണ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി ജീവനക്കാരനായ എം എം ശശീന്ദ്രനെ തുടര്‍നിയമ നടപടികളില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.
നഷ്ടപരിഹാരം വാങ്ങി കേസില്‍ നിന്ന് പിന്മാറണം, സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്ന് പറയണമെന്നുമാണ് പ്രതിയുടെ സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
മാനസിക വിഷമം ഉണ്ടാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റമെന്നും പരാതിയില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. യുവതിയുടെ പരാതിക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് രൂപവല്‍ക്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച 6 മണിക്കും12 മണിക്കും ഇടയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽവെച്ച് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ആ സമയത്താണ് പ്രതി പീഡനം നടത്തിയത്. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയായിരുന്നു