
മുംബൈ: ‘ജയ് ശ്രീറാം’ വിളിക്കാത്തതിന് അജ്ഞാതർ പള്ളിയിൽ അതിക്രമിച്ചു കയറി ഇമാമിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ സംഭവം. അക്രമികൾ ഇമാമിനെ മർദിക്കുകയും താടി മുറിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അൻവ പ്രദേശത്താണ് സംഭവം. സാകിർ സയ്യിദ് ഖാജ എന്നയാളാണ് ഞായറാഴ്ച രാത്രി 7.30ന് ആക്രമണത്തിനിരയായത്.
പള്ളിയിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരുന്ന ഇമാമിനോട് മുഖം മറച്ചെത്തിയ മൂന്നുപേർ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാവാതിരുന്നതോടെ പള്ളിക്ക് പുറത്തേക്ക് വലിച്ചിഴക്കുകയും മർദിക്കുകയുമായിരുന്നു.
രാത്രി എട്ടുമണിയോടെ പ്രാർഥനക്കെത്തിയവർ ഇമാമിനെ പള്ളിക്ക് പുറത്ത് അബോധാവസ്ഥയിൽ കാണുകയും ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഔറംഗബാദിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അക്രമികൾ രാസവസ്തു കലർന്ന തുണി ഉപയോഗിച്ച് തന്നെ അബോധാവസ്ഥയിലാക്കിയെന്നും ബോധം തിരിച്ചുവന്നപ്പോൾ താടി മുറിച്ചതായി കണ്ടെത്തിയെന്നും ഇമാം വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമാജ്‍വാദി പാർട്ടി എം.എൽ.എ അബു അസിം അസ്മി ആവശ്യപ്പെട്ടു.