
തിരുവനന്തപുരം: അരുവിക്കരയില്‍ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യ മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേശിനിയും അധ്യാപികയുമായ മുംതാസ് ആണ് മരിച്ചത്.
മുംതാസിനെ ആക്രമിച്ച ശേഷം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് അലി അക്ബർ പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അലി അക്ബറിന്റെ ആക്രമണത്തിന് ഇരയായ മുംതാസിന്റെ മാതാവ് ഷാഹിറ(67) പുലർച്ചെ തന്നെ കൊല്ലപ്പെട്ടിരുന്നു.
മുംതാസിനേയും ഷാഹിറയേയും വെട്ടിപരുക്കേൽപ്പിച്ചതിന് ശേഷം പ്രതി അലി അക്ബർ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.
ഇന്ന് പുലർച്ചെയാണ് സംഭവം. നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് കൊല്ലപ്പെട്ട മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ വിരമിക്കാനിരിക്കെയാണ് സംഭവം.
കുടുംബ വഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബർ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഇവർക്ക് ഒരു മകനുണ്ട്.