
തൃശൂർ : ഗുജറാത്തില്‍ നിന്നെത്തിച്ച ആംബുലന്‍സിന് മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ നല്‍കുന്നില്ലെന്ന് പരാതി. ആംബുലന്‍സെന്ന തൃശൂര്‍ പുത്തൂരിലെ ജയന്‍റെയും സുഹൃത്തുക്കളുടെയും സ്വപ്നമാണ് എംവിഡിയുടെ നിയമക്കുരുക്കില്‍ പൊലിഞ്ഞത്.
റോഡപകടത്തില്‍ ചോര വാര്‍ന്നാണ് തൃശൂര്‍ പുത്തൂരിലെ ജയന്‍റെ അമ്മ മരിച്ചത്. കൃത്യ സമയത്ത് അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ അന്നൊരു ആംബുലന്‍സ് ലഭിച്ചിരുന്നില്ല. ഇനിയാര്‍ക്കും അങ്ങനെ ഒരു വിധി വരരുതെന്ന തീരുമാനമാണ് ജയനെ ആംബുലന്‍സ് എന്ന സ്വപ്നത്തിലെത്തിച്ചത്.
പത്താം ക്ലാസിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഗുജറാത്തില്‍ നിന്ന് ആംബുലന്‍സ് കൊണ്ട് വന്നു. അവിടെ ആംബുലന്‍സായി പ്രവര്‍ത്തിച്ച വാഹനത്തിന് പക്ഷെ കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ നല്‍കിയില്ല. ഇതോടെ ജയനും സുഹൃത്തുക്കളും വെട്ടിലായി.
ആംബുലന്‍സിനായി കമ്പനി നിര്‍മിച്ചതല്ലാത്ത വാഹനത്തിന് രജിസ്ട്രേഷന്‍ നല്‍കാനാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രജിസ്ട്രേഷനായി 20895 രൂപ അടച്ച് കാത്തിരുന്നപ്പോഴാണ് എംവിഡി നിലപാടറിയിച്ചത്. ഇതോടെ 5 ലക്ഷത്തോളം രൂപ മുടക്കിയ ജയന്‍റെയും സുഹൃത്തുക്കളുടെയും സ്വപ്നം നടക്കില്ലെന്നായി.
പുത്തൂര്‍ പഞ്ചായത്തില്‍ ഒരു ആംബുലന്‍സ് സേവനമെന്ന സ്വപ്നം പാതി വഴിയിലായതിന്‍റെ ദുഖത്തിലാണ് ജയന്‍. ഓക്സിജനടക്കം ഘടിപ്പിച്ച വാഹനം ഗുജറാത്തിലേക്ക് തന്നെ തിരിച്ചയക്കാനാണ് ജയനും സുഹൃത്തുക്കളും ഒരുങ്ങുന്നത്.