
തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ ബൈപ്പാസ് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. അമ്മക്കൊപ്പം കടയിൽ പോയി മടങ്ങിവരുന്നതിനിടയിൽ മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപത്തുവെച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു യുവാനും അമ്മയും.
ഈ സമയം അമിത വേഗത്തിലെത്തിയ വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. സംഭവ കണ്ട് ഓടിയെത്തിയപ്പോൾ കുട്ടി ദൂരേ വീണ് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉടൻ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച വാഹനത്തിന്റെ ചില ഭാഗങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടമുണ്ടായ വാഹനം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.