
ന്യൂഡൽഹി: ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി കേന്ദ്ര സർക്കാർ നീട്ടി. മൂന്നുമാസത്തേക്കാണ് സമയപരിധി നീട്ടിയത്. ഈ മാസം 31നായിരുന്നു നേരത്തെ പ്രഖ്യാപിച്ച അവസാന തീയതി. നിലവിൽ ജൂൺ 30 വരെ ഇനി സമയം ലഭിക്കും.
ജൂലൈ ഒന്നു മുതൽ, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാകും.
നേരത്തെ ആധാർ പാൻ ലിങ്കിങ്ങിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. അതുവരെ ആധാർ-പാൻ ലിങ്കിംഗിന് യാതൊരുവിധ ഫീസും അടയക്കേണ്ടതില്ലായിരുന്നു.
അതേസമയം 2022 ഏപ്രിൽ മുതൽ ജൂൺ 30 വരെ ലിങ്ക് ചെയ്യുന്നതിന് 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതലാണ് 1000 രൂപ പിഴ ഈടാക്കിത്തുടങ്ങിയത്.