
ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇന്ധന സെസിനെതിരെ നിയമ സഭക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. അക്രമാസക്തരായ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്ലെക്കാർഡുമായാണ് ഇന്ന് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയത്തിയിരുന്നു. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ, നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.
നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ്ന്റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ല കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.
സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിെൻറ നേരത്തെയുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്.
വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്ന കാര്യം സർക്കാറിെൻ പരിഗണനയിലുണ്ട്. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിെൻറ ഭാഗത്തുണ്ട്.