
ഹണിട്രാപ് കേസിൽ ഒന്നരവർഷം വിദേശത്ത് ഒളിവിൽപോയ മുഖ്യ ആസൂത്രക അറസ്റ്റിൽ. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യയാണ് (35) അറസ്റ്റിലായത്.
10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്‌റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലാണ് ഇവർ പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമാണ്.
വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച മടങ്ങുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് സൗമ്യയെ പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.