
തൃശൂർ: സിറ്റി പോലീസ് ഇന്നലെ നടത്തിയ വ്യാപക പരിശോധനയിൽ 127 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ, പോലീസ് സ്റ്റേഷനുകളിലെ കെ.ഡി. ലിസ്റ്റിൽ ഉൾപ്പെട്ടവർ, ക്രമസമാധാന ലംഘംനം സൃഷ്ടിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും, മയക്കുമരുന്ന് വിൽപ്പനക്കാരും ഗുണ്ടകളും തമ്പടിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS ന്റെ നേതൃത്വത്തിൽ തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർമാർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.
04.02.2023 രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെയും തുടർന്നു. ആകെ 221 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 127 പേർക്കെതിരെയാണ് ക്രിമിനൽ നടപടിക്രമം 151 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കരുതൽ നടപടികൾ സ്വീകരിച്ചത്.
വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 10 പേരെയും കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങി നടന്നിരുന്ന 48 വാറണ്ട് പ്രതികളേയും പിടികൂടാനായി.
ലൈസൻസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിനായി ജില്ലയിലെ 15 ആയുധലൈസൻസുകളും, സ്ഫോടകവസ്തു നിർമാണ കേന്ദ്രങ്ങളും പരിശോധനക്ക് വിധേയമാക്കി.
തൃശൂർ സിറ്റി പോലീസ് പരിധിയിലെ 20 പോലീസ് സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിന് അതാത് സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ സംഘടിപ്പിച്ചത്.
പോലീസ് പരിശോധന നടത്തുമ്പോൾ സ്ഥലത്തില്ലാതിരുന്ന ഗുണ്ടകളുടെ നടപ്പാവസ്ഥ വിശദ പരിശോധനക്ക് വിധേയമാക്കുമെന്നും ക്രമസമാധാന ലംഘംനം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS അറിയിച്ചു.
പരിശോധനയുടെ വിശദ വിവരങ്ങൾ.
പരിശോധിച്ച ഹോട്ടലുകൾ – 40
ബാർ ഹോട്ടലുകൾ – 26.
കാപ്പ നിയമപ്രകാരം നടപടി നേരിട്ടവരെ പരിശോധിച്ചത് – 10
രാതികാല വാഹന പരിശോധനയിൽ പരിശോധിച്ച വാഹനങ്ങൾ – 832.
അറസ്റ്റുചെയ്യപ്പെട്ട മുൻകാല കുറ്റവാളികൾ – 38.
ആയുധങ്ങളുടേയും, സ്ഫോടക വസ്തുക്കളുടേയും ലൈസൻസ് കേന്ദ്രങ്ങളിൽ പരിശോധന – 15.
മോട്ടോർ വാഹന നിയമലംഘനം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയത് – 16.