
കോഴിക്കോട് കോവൂരിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ മൂന്നംഗസംഘം പോലീസ് പിടിയിൽ. കർണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീർ (29), തമിഴ്നാട് ദേവർമലയിൽ വെക്ട്രി സെൽവൻ (28) എന്നിവരാണ് അറസ്റ്റിലായത്.
നേപ്പാൾ, തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പെൺവാണിഭ കേന്ദ്രത്തിൽനിന്ന് പൊലീസ് രക്ഷിച്ചു. വലിയ പെൺവാണിഭ റാക്കറ്റിന്റെ ഭാഗമാണ് സംഘമെന്ന് പൊലീസ് പറഞ്ഞു.
കോവൂരിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മെഡി. കോളജ് എസ്.എച്ച്.ഒ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ റെയ്ഡ്. പി.സി. ബിന്ദു, ഹോംഗാർഡ് പത്മനാഭൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഒരു വർഷത്തിനിടെ അഞ്ചാമത്തെ പെൺവാണിഭ സംഘത്തെയാണ് മെഡി.കോളജ് പൊലീസ് പിടികൂടുന്നത്. മായനാട്, മുണ്ടിക്കൽതാഴം, കോട്ടൂളി, കുതിരവട്ടം എന്നിവിടങ്ങളിലായിരുന്നു നേരത്തെ റെയ്ഡ് നടത്തിയത്.
രണ്ടു വർഷമായി സംഘം ഇവിടെ പെൺവാണിഭം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.