
തൃശൂർ : തൃശൂരിൽ വിരമിച്ച അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തനിച്ച് താമസിച്ചു വരികയായിരുന്ന ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്.
കവർച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വസന്തയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെ അയൽവാസിയാണ് വസന്തയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒരാൾ മതിൽ ചാടി പോകുന്നത് കണ്ടിരുന്നെന്ന് അയൽവാസികൾ പൊലീസിനോടും മാധ്യമ പ്രവർത്തകരോടും വെളിപ്പെടുത്തി. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്.
സംഭവ സ്ഥലത്തേക്ക് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ എത്തിക്കൊണ്ടിരിക്കുകയാണ്. വാടാനപ്പള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.