
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ബജറ്റിൽ മുൻതൂക്കം നൽകുക. വരുമാന വർദ്ധനവിനുളള നിർദേശങ്ങൾക്കും ചെലവ് ചുരുക്കലിനുമായിരിക്കും ബജറ്റിൽ മുൻഗണന നൽകുക.
സര്‍ക്കാര്‍ സേവനങ്ങൾക്ക് ചെലവേറും, പിഴകൾ കൂട്ടൂം. ഭൂനികുതിയും ന്യായവിലയും കൂടും. കിഫ്ബി പ്രതിസന്ധിയിലായിരിക്കുന്നതിനാൽ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. കെ റെയ്ൽ തുടങ്ങിയ നിലവിലെ പദ്ധതികൾ തുടർന്നും പരിഗണിക്കും. കഴിഞ്ഞ ബജറ്റിലെ പദ്ധതികളൊന്നും നിലവിൽ വന്നിട്ടില്ല.
50 കോടിനീക്കി വച്ച വര്‍ക്ക് നിയര്‍ ഹോം, തോട്ടങ്ങളിലെ പഴവര്‍ഗ കൃഷി, കിഴങ്ങുവര്‍ഗങ്ങളില്‍ നിന്ന് സ്പിരിറ്റ് എന്നീ പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. കെഎസ്ആര്‍ടിസിയെ സിഎന്‍ജി ബസുകളിലേക്ക് മാറ്റാനും ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും തുടങ്ങിയ പദ്ധതി നിര്‍ദ്ദേശങ്ങൾ ബജറ്റിൽ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുണ്ട്. പെൻഷൻ പ്രായം കൂട്ടില്ല.
ജനങ്ങൾക്ക് താങ്ങാവുന്ന നികുതി വർധനയാകും ഉണ്ടാകുകയെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കൊല്ലം തെരഞ്ഞെടുപ്പ് ഇല്ലാത്തത് കടുത്ത നടപടികൾക്ക് അനുകൂല സാഹചര്യമായാണ് വിലയിരുത്തുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം വിപണി ഉണർന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കാനുള്ള ശ്രമത്തിന് ബജറ്റ് ഊന്നൽ നൽകും.
കേന്ദ്ര വിഹിതം കുറയുന്നുവെന്ന പരാതി സംസ്ഥാനത്തിനുണ്ട്. അതുകൊണ്ടുതന്നെ കടമെടുപ്പ് പരിധി കൂട്ടൽ, ജി.എസ്.ടി നഷ്ട പരിഹാരം തുടരൽ, ധനകമീഷൻ വിഹിതത്തിലുണ്ടായ നഷ്ടം നികത്തൽ നടപടികൾ എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതൊന്നും അനുവദിച്ചിട്ടില്ല. വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.