
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്റ് നീട്ടിയത്.
കേസിൽ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സംസ്ഥാന സർക്കാറിന്‍റെ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
സമരക്കാർക്ക് നേരെ പൊലീസ് പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. സംഘടിച്ചുനിന്ന പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേർക്ക് പരിക്കേറ്റിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിലായിരുന്നെങ്കിലും പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.