പാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. പനയൂര്‍ സ്വദേശി ശ്രീജിത്ത്(27) നെയാണ് വെട്ടികൊലപ്പെടുത്തിയത്. കുടുംബ വഴക്കിലിടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തിൽ ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതിയായ ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ അയൽവാസിയാണ് ജയദേവൻ. സ്ഥിരം മദ്യപാനിയായ ജയദേവൻ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലാവുകയായിരുന്നു. അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചതിനെ തുടർന്ന് ശ്രീജിത്ത് ഉൾപ്പടെ മൂന്ന് പേർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
ഇതേ തുടർന്ന് ജയദേവൻ ശ്രീജിത്തിനേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരേയും ആക്രമിക്കുകയായിരുന്നു.
മുമ്പും ഇത്തരത്തിൽ പ്രശ്നങ്ങൾ ഇയാൾ ഉണ്ടാക്കാറുണ്ടായിരുന്നു. ആ സമയത്തും പ്രശ്നം പരിഹരിക്കുന്നതിനായി ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. ഒറ്റപ്പാലം ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്.