
ബജിക്കടയിലെ തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമം. ടിഷ്യൂ പേപ്പര്‍ തീര്‍ന്നു പോയെന്നാരോപിച്ചാണ് തൊഴിലാളിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ അമല്‍ ബാബു (ശംഭു25), അതിരമ്പുഴ നാല്‍പ്പത്തിമല പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിരമ്പുഴപള്ളിപ്പെരുന്നാളിന്റെ ഗാനമേള നടക്കുന്നതിനിടെ ഇവര്‍ കടയിലെത്തി ബജി കഴിച്ചശേഷം ടിഷ്യു പേപ്പര്‍ ചോദിച്ചു. പേപ്പര്‍ തീര്‍ന്നുപോയെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ സംഘം ചേര്‍ന്ന് ഇയാളെ ചീത്ത വിളിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തു.
അക്രമം നടത്തിയവര്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ. പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്‌ഐ കെ കെ പ്രശോഭ്, എസ്‌ഐ സിനോയ് മോന്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.