
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കൊലപാതക കേസിൽ നാലു മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫോറന്‍സിക് ലാബിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തൽ. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.
ജോളിയുടെ മുൻ ഭർത്താവ് റോയ്, നിലവിലെ ഭർത്താവിന്റെ മുൻഭാര്യ സിലി എന്നിവരുടെ ശരീരത്തിൽ നേരത്തെ തന്നെ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതിനുപുറമെ നാല് മരണങ്ങളിൽ കൂടി ജോളിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. റോയ്‌യുടെ അമ്മ അന്നമ്മ, അച്ഛൻ ടോം തോമസ്, അമ്മാവൻ മാത്യു, നിലവിലെ ഭർത്താവിന്റെ ആദ്യ ഭാര്യയിലുണ്ടായ മകൾ ആൽഫൈൻ എന്നിവരുടെ മരണങ്ങളില്‍കൂടിയാണ് ജോളിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നത്.
ഇവരുടെ മരണം സയനൈഡ് ഉള്ളിൽചെന്നായിരുന്നു എന്നാണ് പ്രോസിക്യുഷൻ കേസ്. എന്നാൽ ഇവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം ഇല്ലെന്ന കണ്ടെത്താലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടകൊല കേസ്.