
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാക്ഷി വിസ്താരത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ടാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതി കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് ഇന്ന് പരിഗണനക്ക് വെച്ചത്. സാക്ഷികൾക്ക് നോട്ടീസ് അയക്കുന്നത് ഉൾപ്പടെയുളള തുടർ നടപടികളിൽ ഇന്ന് തീരുമാനം ഉണ്ടാവും.
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിച്ചു.