
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ സൂപ്രണ്ട് ഓഫിസിലെ താൽക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസി. എ. അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുനിസിപ്പാലിറ്റി ജീവനക്കാരി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതി. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി വീണ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ഡി.എം.ഇ. തലത്തിലെ വിശദമായ അന്വേഷണത്തിനുശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.